മുട്ടിൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു; 2026-27 വാർഷിക പദ്ധതിക്ക് രൂപമായി
September 11, 2026
മുട്ടിൽ: മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ മുട്ടിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് സി. പി. സെമിനാർ ഉദ്ഘാടനം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് പുതിയ സാമ്പത്തിക വർഷത്തിൽ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി. നായർ സ്വാഗതം ആശംസിച്ചു. തുടർന്ന് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. മുഹമ്മദ് ഷജീദ് യു. എസ്., ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. ജയരാജൻ പുതിയ സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന വികസന പദ്ധതികളെക്കുറിച്ചും മുൻഗണനാ മേഖലകളെക്കുറിച്ചും വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. നിഷീദ് ചാഴിവയൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിവിധ മേഖലകളിലെ വികസന ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സെമിനാറിൽ പങ്കെടുത്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുമാരി ശ്രദ്ധ മധു ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി