ആതുരസേവന രംഗത്ത് മാതൃകയായി മുട്ടിൽ ഗ്രാമപഞ്ചായത്തും കാനറാ ബാങ്കും; വാഴവറ്റ പി.എച്ച്.സി. പാലിയേറ്റീവ് കെയറിന് പുതിയ ആംബുലൻസ് സമർപ്പിച്ചു

September 11, 2026

മുട്ടിൽ: കിടപ്പുരോഗികൾക്കും നിസ്സഹായരായ മനുഷ്യർക്കും സാന്ത്വനമേകാൻ വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് (പി.എച്ച്.സി.) പുതിയ ആംബുലൻസ് സമർപ്പിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി കാനറാ ബാങ്ക് തങ്ങളുടെ സി.എസ്.ആർ (CSR) ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ താക്കോൽദാന ചടങ്ങ് മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു.

വയനാട് ജില്ലാ കളക്ടർ ശ്രീമതി. മേഘശ്രീ ഐ.എ.എസിൽ നിന്നും മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് സി. പി. ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് സി. പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ലീന സി. നായർ സ്വാഗതം ആശംസിച്ചു. കാനറാ ബാങ്ക് റീജണൽ ഡെപ്യൂട്ടി ഹെഡ് ശ്രീ. അൻഷുമാൻ ഡേ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ആരോഗ്യരംഗത്ത് ഇത്തരമൊരു മാതൃകാപരമായ ഇടപെടൽ നടത്താനായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ഗ്രാമപ്രദേശങ്ങളിലെ പാലിയേറ്റീവ് പരിചരണ രംഗത്ത് രോഗികളിലേക്ക് നേരിട്ടെത്തി മെച്ചപ്പെട്ട സേവനമെത്തിക്കാൻ ഈ സ്നേഹവാഹനം വലിയ തുണയാകും. ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കാനറാ ബാങ്ക് പ്രതിനിധികൾ, വാഴവറ്റ പി.എച്ച്.സി. ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു

ആംബുലൻസ്