2026-27 ലേക്കുള്ള വാർഷിക ബജറ്റ് അവതരിപ്പിച്ചു.
September 11, 2026
ഭവനരഹിതരില്ലാത്ത മുട്ടിൽ: എല്ലാവർക്കും വീട് ഉറപ്പാക്കി ഗ്രാമപഞ്ചായത്ത് 2026-27 ബജറ്റ്
മുട്ടിൽ ഗ്രാമപഞ്ചായത്തിലെ നിലവിലുളള ഭരണ സമിതിയുടെ ആദ്യത്തേതും 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വികസന കാഴ്ചപ്പാടും, പ്രതീക്ഷകളും വ്യക്തമാക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ലീന സി നായർ അവതരിപ്പിച്ചു. യോഗത്തിൽ ശ്രീമതി. ആയിഷാബി ( ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ) സ്വാഗതം പ്രസംഗം നടത്തി, ശ്രീ. മുഹമ്മദ് ഷജീദ് ( വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ) അദ്ധ്യക്ഷത വഹിക്കുയും, ബജറ്റ് അവതരണ ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് സി പി നിർവ്വഹിക്കുയും ചെയ്തു. നിഷീദ് ചാഴിവയൽ ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ) ആശംസകൾ അറിയിച്ചു.
ഭവന രഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട് ഉറപ്പാക്കുന്നതിന ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഭവന രഹിതരായ ലൈഫ് ഭവന/ പി എം എ വൈ പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായി 13 കോടി രൂപ ബജറ്റിൽ വകയരിത്തി. കൂടാതെ ശ്മശാനം ആധുനിക വത്കരണം, വികസന പ്രവർത്തനത്തിന് സ്ഥലമെടുപ്പിനും, ഗ്രൌണ്ടിന് സ്ഥലം വാങ്ങുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
അറുപത്തി അഞ്ച് കോടി അൻപത്തിയൊന്ന് ലക്ഷത്തി ഇരുപത്തി ഒൻപതിനായിരത്തി ഇരുനൂറ്റി എൺപത്തി മൂന്ന് രൂപ (₹65,51,29,283) ആകെ വരവ് പ്രതീക്ഷിക്കുന്ന ഈ ബജറ്റിൽ, വികസന പ്രവർത്തനങ്ങൾക്കായി (Plan Expenditure) മാത്രം നമ്മൾ ഏകദേശം 37.15 കോടി രൂപ മാറ്റിവെച്ചിരിക്കുന്നു. ഭരണപരമായ ആവശ്യങ്ങൾക്കായി 28.2 കോടി രൂപ നോൺ-പ്ലാൻ ചെലവായും കണക്കാക്കുന്നു. എല്ലാ ചെലവുകൾക്കും ശേഷം 14,04,002 രൂപ നീക്കി ബാക്കി നിൽക്കുന്ന സുരക്ഷിതമായ ഒരു ബജറ്റാണ് അവതരിപ്പിച്ചത്.