ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സൂര്‍രാജാവായിരുന്ന ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തെ പാറക്കല്‍ വെച്ച് കോട്ടയം രാജാവിന്റെ പടയാളികളും മറ്റും തടഞ്ഞെന്നും ഏറ്റുമുട്ടലില്‍ കോട്ടയം രാജാവിന്റെ പക്ഷക്കാര്‍ പരാജയപ്പെട്ടെന്നും അതോടു കൂടി ആദിവാസികള്‍ അല്ലാത്തവര്‍ ഒഴിഞ്ഞുപോയെന്നും പറയപ്പെടുന്നു. ഈ പ്രദേശത്തെ മിക്ക കുന്നിന്‍മുകളിലും കാണപ്പെടുന്ന ചെത്തിമിനുക്കിയ കരിങ്കല്ലുകളും മറ്റും സൂചിപ്പിക്കുന്നത് നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നന്നും അവര്‍ ചെറിയ കുന്നിന്‍മുകളിലായിരുന്നു താമസിച്ചിരുന്നതെന്നുമാണ്. മുട്ടില്‍ ക്ഷേത്രത്തിന്റെ കാലപ്പഴക്കവും മുട്ടില്‍ മലയിലെ കോല്‍പ്പാറ, കരിയാത്തന്‍പാറ, വാഴവറ്റയിലെ സ്വര്‍ഗ്ഗംകുന്ന്, ചീപ്രംകുന്ന്, കരിങ്കണ്ണികുന്ന്, പരിയാരത്തെ വിളക്കുതൂക്കിക്കുന്ന്, പാത്രമാങ്ങക്കുന്ന് എന്നിവ തകര്‍ന്നുപോയ, അല്ലെങ്കില്‍ തകര്‍ക്കപ്പെട്ട ഒരു പഴയ സംസ്കാരത്തിന്റെ ചരിത്രാവശിഷ്ടങ്ങളായി ഇന്നും കാണാന്‍ കഴിയുന്നതാണ്. പ്രകൃതിദുരന്തത്താലോ മറ്റോ അന്യം നിന്നുപോയ കുടുംബങ്ങള്‍ക്കുശേഷം ബ്രീട്ടിഷുകാരുടെ ഭരണത്തോടുകൂടിയാണ് ഈ പ്രദേശം ജനവാസകേന്ദ്രമായതെന്നും പറയപ്പെടുന്നു. 1921-ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് ഏറനാട്, വള്ളുവനാട്, പാലക്കാട് താലൂക്കുകളില്‍ നിന്ന് വിവിധ സമുദായത്തില്‍പെട്ടവര്‍ സമധാനത്തോടെയുള്ള ജീവസന്ധാരണം തേടി കൂട്ടത്തോടെ ഇവിടെ കുടിയേറുകയുണ്ടായി.
1942 നോടു കൂടി തിരു-കൊച്ചി ഭാഗത്തു നിന്ന് ജീവിത സൂരക്ഷിതത്വം തേടിയുള്ള കുടിയേറ്റങ്ങളും വളക്കൂറുളള ഈ മണ്ണിനെ കൃഷിഭൂമിയാക്കി. വിവിധ വിശ്വാസപ്രമാണമുള്ളവരുടെ കൂട്ടായ ജീവതവും അദ്ധ്വാനവും സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും അഭിവൃദ്ധിയുടെയും ഒരു സംസ്കാരം ഇവിടെ സൃഷ്ടിച്ചു. 1953-ല്‍ വാഴവറ്റ പ്രദേശത്തെ കുടിയേറ്റക്കാരെ മദ്രാസ് സര്‍ക്കാര്‍ കൂട്ടമായി കുടിയൊഴിപ്പിച്ചതും 1962-ല്‍ മുട്ടില്‍ മലയിലുണ്ടായ മലയിടിച്ചിലില്‍ അനേകം കുടുംബങ്ങള്‍ക്ക് കിടപ്പാടവും കൃഷിനാശവും മറ്റ് കഷ്ടനഷ്ടങ്ങള്‍ ഉണ്ടായതും പഞ്ചായത്തിനെ നടുക്കിയ ദുരന്തങ്ങളായിരുന്നു. കേരള ഭൂപരിഷ്കരണ നിയമപ്രകാരം കൈവശകൃഷിക്കാരന് ഉടമസ്ഥാവകാശം സിദ്ധിച്ചതും കുടികിടപ്പുകാര്‍ക്ക് കുടികിടപ്പാവകാശം ലഭിച്ചതും കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിച്ചതും അവരുടെ ജീവിതപുരോഗതിക്കും ഈ പ്രദേശത്തിന്റെ വികസനത്തിനും ആക്കം കൂട്ടിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് നിലവിലുള്ള എല്ലാ രാഷ്ട്രീയ സമുദായിക സംഘടനകളും മറ്റു പ്രാദേശിക കമ്മിറ്റികളും ഈ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. പഴയകാല പൌരപ്രമുഖരില്‍ പ്രധാനിയായിരുന്നു പരേതനായ കെ.പി.ഹാജിയെന്ന കെ.പി.മുഹമ്മദ് ഹാജി. സാധാരണക്കാരന്റെ ഏതൊരു പ്രശ്നത്തിനും പരിഹാരം കാണുന്നതില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. ഇന്ന് കേരളത്തിലെ ഒന്നാംകിട അനാഥാലയങ്ങളിലൊന്നായി വളര്‍ന്ന വയനാട് മുസ്ളീം ഓര്‍ഫനേജിന്റെ സ്ഥാപകരില്‍ പ്രഥമഗണനീയനാണ് അദ്ദേഹം. മുന്‍ കേരള നിയമസഭ അംഗവും പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ആളുമായിരുന്ന ശ്രീമധുര വാഴവറ്റ ഈ പഞ്ചായത്തുകാരനും പട്ടികവര്‍ഗ്ഗ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ച മാന്യദേഹവുമായിരുന്നു.
വയനാട് പ്രദേശത്ത് അഞ്ച് പഞ്ചായത്തുകളേ മുമ്പുണ്ടായിരുന്നുള്ളൂ. മുട്ടില്‍ പഞ്ചായത്തുള്‍പ്പെടെയുള്ള പ്രദേശങ്ങളെല്ലാം മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായിരുന്നു. 1956-ലാണ് മുട്ടില്‍ പഞ്ചായത്ത് നിലവില്‍ വന്നത്. 21 വയസ്സുള്ള വോട്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത്, പ്രസ്തുത യോഗത്തില്‍ വെച്ചാണ് പ്രസിഡന്റിനേയും മറ്റു മെമ്പര്‍മാരെയും തിരഞ്ഞെടുത്തിരുന്നത്. അന്നത്തെ പഞ്ചായത്തു പ്രസിഡണ്ടിന് ഗ്രാമ മജിസ്ട്രേട്ടിന്റെ പദവിയുണ്ടായിരുന്നു. ഗ്രാമകോടതിയില്‍ വച്ച് ധാരാളം കേസുകള്‍ തീര്‍പ്പു കല്പിക്കുകയും വിധി പ്രസ്താവിച്ചു നടപ്പിലാക്കുകയും ചെയ്തിരുന്നു. ഒരു ബില്‍ കലക്ടര്‍ കം ക്ളാര്‍ക്കും ഒരു പ്യൂണുമടക്കം രണ്ടു ജീവനക്കാരായിരുന്നു അന്നു പഞ്ചായത്തിലുണ്ടായിരുന്നത്. പഞ്ചായത്ത് ബോര്‍ഡിന്റെ പ്രഥമയോഗം പ്രസിഡണ്ടിന്റെ കാക്കവയലിലുള്ള വസതിയില്‍വെച്ചായിരുന്നു ചേര്‍ന്നത്. അന്ന് പഞ്ചായത്തിന്റെ മൊത്തം വരുമാനം 13000 രൂപയായിരുന്നു. പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍ കെട്ടിടനികുതി, കച്ചവട ലൈസന്‍സ്, ഫീസ്, കാളവണ്ടിക്കും സൈക്കിളിനുമുള്ള വാഹനനികുതി എന്നിവയായിരുന്നു. പാറക്കല്‍-പരിയാരം റോഡ്, പാറക്കല്‍ മുട്ടില്‍-കാക്കവയല്‍ റോഡ്, തൃക്കൈപ്പറ്റ റോഡ്, കാക്കവയല്‍-വാഴവറ്റ റോഡ് എന്നിവയായിരുന്നു അന്നത്തെ പ്രധാന റോഡുകള്‍. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുക, പുഴയ്ക്ക് മരപ്പാലം നിര്‍മ്മിക്കുക, തെരുവില്‍ മണ്ണെണ്ണ വിളക്ക് കത്തിക്കുക എന്നിവയായിരുന്നു പഞ്ചായത്തിന്റെ പ്രധാന ജോലികള്‍. മുട്ടില്‍ പഞ്ചായത്തില്‍ പൂര്‍വ്വികമായി മുത്താറി, നെല്ല്, ചാമ, കുരുമുളക്, കാളിക്കാപ്പി, പുകയില, വാഴ തുടങ്ങിയവ കൃഷി ചെയ്തിരുന്നതായി 1921-ലെ ബ്രീട്ടിഷ് സെറ്റില്‍മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1940-കളില്‍ മുട്ടില്‍ പഞ്ചായത്തില്‍ നാമമാത്രമായ ചില ഉയര്‍ന്ന ജാതിക്കാരും ആദിവാസികളും മാത്രമാണുണ്ടായിരുന്നത്. ആദിവാസികള്‍ അടിമപ്പണി ചെയ്തുപോന്നിരുന്നു. കൃഷിഭൂമികള്‍ കുറെഭാഗം തെക്കേ കോവിലകം വകയും വന്‍ ജന്മിമാരുടെ അധീനതയിലുമായിരുന്നു. 1945-നോടടുത്ത കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറിന്റെ മറ്റു ചില ഭാഗങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ക്രിസ്ത്യാനികള്‍, മുസ്ളീങ്ങള്‍, നായന്മാര്‍, ഈഴവര്‍, മറ്റു പിന്നോക്ക സമുദായക്കാര്‍ എന്നിവര്‍ കുന്നിന്‍ചെരിവുകളും സമതലങ്ങളും വെട്ടിത്തെളിച്ച് മലമ്പനിയോടും അട്ടകളോടും പടപൊരുതി, ഫലഭൂയിഷ്ഠമായ ഇവിടുത്തെ മണ്ണിനെ കൃഷിയ്ക്കുപയുക്തമാക്കി. പട്ടിണിയും വിഷമങ്ങളും സഹിച്ച് മണ്ണിനോട് മല്ലിട്ട് ആദ്യകാല കര്‍ഷകര്‍ കരഭൂമിയില്‍ കര്‍ത്താന്‍നെല്ലും കപ്പയും നട്ടു. പിന്നീട് വ്യാപകമായ രീതിയില്‍ പുല്‍ത്തൈലപ്പുല്ല് കൃഷിയും ആരംഭിച്ചു. തുടര്‍ന്ന് കര്‍ഷകര്‍ കാപ്പി, കുരുമുളക്, കവുങ്ങ്, റബര്‍ എന്നിവ കൃഷി ചെയ്യാന്‍ തുടങ്ങി. 70% ത്തോളംസ കരഭൂമിയും 30%-ത്തോളം വയലുമാണ്. ചെളിമണ്ണ്, ചെമ്മണ്ണ്, ചെങ്കല്‍മണ്ണ്, മണല്‍മണ്ണ്, വനമേഖലയിലെ ഫലഭൂയിഷ്ഠമായ കറുത്തമണ്ണ് എന്നിവയാണ് ഇവിടെ കാണുന്ന മണ്ണിനങ്ങള്‍. മുന്‍കാലങ്ങളില്‍ ഈ പഞ്ചായത്തിലേക്ക് ആവശ്യമായ നെല്ല്, കപ്പ, പച്ചക്കറികള്‍ എന്നിവ ഇവിടെത്തന്നെ ഉത്പാദിപ്പിച്ചിരുന്നു. തേങ്ങ, ശര്‍ക്കര, എണ്ണ തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കള്‍ മാത്രമേ ഇറക്കുമതി ചെയ്തിരുന്നുള്ളൂ. വാഴപ്പഴം, പപ്പായ, ചക്ക, നാടന്‍മാങ്ങ തുടങ്ങിയ ഫലങ്ങളും സുലഭമായിരുന്നു. 1965 കാലഘട്ടത്തില്‍ 422 ടണ്ണോളം നെല്ല് ലെവിയായി ശേഖരിച്ചിരുന്നു. ആദ്യകാലങ്ങളില്‍ ഈ പഞ്ചായത്തില്‍ പശു, ആട്, എരുമ, പന്നി, മുയല്‍ തുടങ്ങിയ മൃഗങ്ങളെ ധാരാളമായി വളര്‍ത്തിയിരുന്നു. ഉഴവുമാടുകളും വണ്ടിക്കാളകളും സുലഭമായിരുന്നു. ആദിവാസികളും വയനാടന്‍ ചെട്ടി വിഭാഗത്തില്‍പ്പെട്ട ആളുകളും അവരുടെ തനതായ ആചാരനുഷ്ഠാനങ്ങളോടെ ഇവിടെ ജീവിച്ചുപോന്നു.
കാടിനോടും കാട്ടുമൃഗങ്ങളോടും ഏറ്റുമുട്ടി കാലം കഴിച്ച അവര്‍ക്ക് അക്ഷരജ്ഞാനം അന്യമായിരുന്നു. ഇന്നത്തെ കാക്കവയല്‍ ഗവ.ഹൈസ്ക്കുളിന്റെ പൂര്‍വ്വരൂപമായ വെല്‍ഫയര്‍ എല്‍.പി.സ്ക്കൂളും മാണ്ടാട് ഗവ.എല്‍.പി. സ്കൂളുമാണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴിലുണ്ടായിരുന്ന ആദ്യവിദ്യാലയങ്ങള്‍. മുട്ടില്‍ ഗ്രാമത്തില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ ഉണ്ടാകുവാന്‍ കേരളപ്പിറവി വരെ കാത്തിരിക്കേണ്ടിവന്നു. വാഴവറ്റ്, മുട്ടില്‍, പനങ്കണ്ടി എന്നീ സ്കൂളുകള്‍ യു.പി.സ്ക്കൂളുകളായി ഉയര്‍ത്തപ്പെട്ടത് 1957-നു ശേഷമാണ്. 1968-ല്‍ വയനാട് മുസ്ളീം ഓര്‍ഫനേജ് ഹൈസ്കൂള്‍ സ്ഥാപിക്കുന്നതുവരെ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ മീനങ്ങാടി, അമ്പലവയല്‍, മേപ്പാടി, കല്പ്പറ്റ എന്നിവിടങ്ങിളെ ഹൈസ്ക്കൂളുകളെയാണ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്. 1980-കളില്‍ കാക്കവയല്‍ ഗവ.യു.പി, പനങ്കണ്ടി ഗവ.യു.പി ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടതോടെ സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള സാധ്യത വിപുലപ്പെട്ടു